
IGNOU – കോമേഴ്‌സ് ബിരുദ വിദ്യാർത്ഥികളുമായി കുറച്ചു നേരം.
കഴിഞ്ഞ ചൊവ്വാഴ്ച (7 Feb 2023 ) തിരൂരിൽ കോമേഴ്‌സ് അക്കാഡമിയുടെ അതിഥിയായി വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി.
ഈയിടെ ഉദ്ഘാടനം കഴിഞ്ഞ ഇ.എം.എസ് പാർക്കിൽ വെച്ച് ദിവസം മുഴുവൻ നീണ്ടു നിന്ന സെഷൻ ഉദ്ഘാടനം ചെയ്തത് തിരൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി AP നസീമയായിരുന്നു – പ്ലസ് റ്റു തൊട്ടു പിജി വരെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു, ഭൂരിഭാഗവും പെൺകുട്ടികൾ ആയിരുന്നു, ഏകദേശം നാൽപതു കിലോമീറ്റർ ദൂരെ നിന്നുപോലും അതിൽ പങ്കെടുക്കാൻ എത്തി എന്നത് എന്നിൽ കൗതുകമുണർത്തി…പിന്നീടതിന്റെ ഗൗരവം മനസ്സിലായത് കോമേഴ്‌സ് അക്കാഡമിയുടെ പ്രിൻസിപ്പൽ പ്രൊഫ ജാഫർ സാറിൽ നിന്നാണ്.
കേരളത്തിൽ വിദ്യാഭ്യാസം വലിയ കച്ചവടമാണ്, അത്‌കൊണ്ടുതന്നെ ചൂഷണവും വ്യാപകം. നിരവധി പേർ സ്ഥാപനത്തിൽ പോയി പഠിക്കാൻ കഴിയാത്തതുകൊണ്ടും, വിവാഹത്തിന് ശേഷവും, ജോലികിട്ടിയതിന് ശേഷവും, അല്ലെങ്കിൽ സൂമൂഹിക,സാമ്പത്തിക,കുടുംബപരമായ മുൻഗണനകൾക്ക് വിധേയമായി പഠനം ഒരുകാലത്ത് സാധ്യമാവാതിരുന്നവർ പിന്നീട് ആശ്രയിക്കുന്ന ഒന്നാണ് വിദൂരപഠനം – ഈയടുത്ത കാലത്തു വന്ന കേന്ദ്ര നിയമങ്ങൾ നിരവധി യൂണിവേഴ്സിറ്റികൾക്കു വിദൂരവിദ്യാഭ്യാസം നൽകുന്നതിനുള്ള അനുമതി എടുത്തു കളഞ്ഞു എന്ന കാര്യം അറിയാത്ത ഏറെപ്പേരുണ്ട്. പഠിച്ചിറങ്ങിയവർ തന്നെ ഇക്വിവലെന്റ് സർട്ടിഫിക്കറ്റ് മതിയെന്ന ധാരണയിൽ നിൽക്കുമ്പോൾ ഇവിടത്തെ യൂണിവേഴ്സിറ്റി നിഷ്കർഷിക്കുന്ന അതേ പാഠ്യഭാഗങ്ങൾ അതിൽ ഇല്ലാതെ വരുന്നു. ഇതൊന്നും അറിയാതെ ഇപ്പോഴും നിരവധി പേർ ഇത്തരം കോഴ്സുകൾ പഠിക്കുന്നു, യൂണിവേഴ്സിറ്റികൾ പോലും അറിയാതെ സ്വകാര്യ സ്ഥാപനങ്ങൾ വലിയ ഫീസ് ഈടാക്കി ഡിഗ്രികൾ വാഗ്‌ദാനം ചെയ്യുന്നു.
ഈയൊരു ഘട്ടത്തിൽ കേന്ദ്രഗവർമെന്റിന്റെ കീഴിലുള്ള, NAAC A ++ ആയി , UGC അംഗീകരിച്ച ഇഗ്നോ (IGNOU) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി യാണ് ഏറ്റവും വിശ്വാസ യോഗ്യമായുള്ളത്. ഇവിടത്തെ ബിരുദങ്ങൾ DEC and AICTE അംഗീകാരമുള്ളതാണ്.
ഇഗ്നോയിലെ പ്രധാന പോരായ്മ പ്രായോഗിക വിജ്ഞാനം ഇല്ലാതെ തികച്ചും ഒറ്റയ്ക്ക് പഠിക്കേണ്ടി വരുന്നു എന്നുള്ളതാണ് – പ്രാക്റ്റിക്കൽ ആയി സംവദിക്കാനുള്ള ഒരു പ്ലാറ്റഫോം വളരെ അപൂർവമാണ്. അതുകൊണ്ടുതന്നെ ഇഗ്നോ കോഴ്സുകൾ കഠിനമാണ് എന്ന ഒരു പൊതുബോധം സമൂഹത്തിലുണ്ട്. എങ്ങനെയെങ്കിലും ഒരു സർട്ടിഫിക്കറ്റ് ഒപ്പിച്ചെടുക്കുക എന്നതിനപ്പുറം ലോക അംഗീകാരമുള്ള സർട്ടിഫിക്കറ്റ് തന്നെ വേണം എന്ന ‘ അക്കാഡമിക് ‘ മനസ്സുള്ളവർ മാത്രമാണ് ഇഗ്നോ തിരഞ്ഞെടുക്കുന്നത്. ഈയൊരു മികവ് നിലനിർത്തുന്നത് കൊണ്ടാകാം, ഇന്ന് വിദേശികളടക്കം നാൽപതു ലക്ഷത്തിലേറെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു പഠിക്കുന്ന IGNOU യൂണിവേഴ്സിറ്റി, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കൃത്യമായി യഥാസമയം പരീക്ഷകളും ഫലപ്രഖ്യാപനവും നടത്തിപ്പോന്നിരുന്ന IGNOU കഴിഞ്ഞ വർഷം മാത്രം ചില പാകപ്പിഴകൾ സംഭവിച്ചു. കോവിഡിന്റെ സമയത്തുണ്ടായ താളപ്പിഴകൾ ആവാം, അതിലേറെ ഒരു പക്ഷെ മേല്പറഞ്ഞ മറ്റു യൂണിവേഴ്സിറ്റികളുടെ വിദൂരപഠന അംഗീകാരം എടുത്തുകളഞ്ഞതിനു ശേഷമുള്ള ഒഴുക്കായിരിക്കാം. അപ്രതീക്ഷിതമായി അവർക്കു താങ്ങാവുന്നതിനപ്പുറത്തേക്കു അഡ്മിഷൻ വന്നിട്ടുണ്ടാകാം.
ഇങ്ങനെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ ഉണ്ടെന്നറിഞ്ഞു നേരത്തെ IGNOU ക്ക് വേണ്ടി ക്ലാസുകൾ എടുത്തിരുന്ന ജാഫർ സർ, ക്ലാസ്സുകളും ഗൈഡൻസും കൊടുക്കുന്ന കാര്യം എന്നോട് ചർച്ച ചെയ്തപ്പോൾ മഞ്ചേരിയിലുള്ള എന്റെ എളിയ സ്ഥാപനമായ അപ്പോസ്‌ട്രോഫോ ഗ്ലോബൽ അക്കാദമിയുടെ പിന്തുണ ഞാൻ വാഗ്ദാനം ചെയ്യുകയും, ഇതിന്റെ ഉദ്ദേശശുദ്ധി ബോധ്യപ്പെട്ടപ്പോൾ സുഹൃത്തും നാലായിരത്തിലേറെ ക്ലാസുകൾ നടത്തിയ ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയ്‌നറും ആയ ഹുസൈൻ മേലാറ്റൂരിനെയും ഞാൻ ഈ പ്രോഗ്രാമിനു വേണ്ടി ജാഫർ സാറോട് നിർദേശിച്ചു. അതുപ്രകാരം പരസ്യമൊന്നും ഇല്ലാതെ തന്നെ നൂറോളം വിദ്യാർത്ഥികൾ കുടുംബിനികൾ അടക്കം അന്നത്തെ പ്രോഗ്രാമിന് വന്നു എന്നതിൽ എനിക്ക് വലിയ ആശ്ചര്യം തോന്നി. എന്റെ സംസാരവേളയിൽ ഞാനതു സൂചിപ്പിക്കുകയും ചെയ്തു.
കോളേജിന് ശേഷം വളരെ ചുരുങ്ങിയകാലം ഞാൻ പാരലൽ കോളേജിൽ അധ്യാപകനായിട്ടുണ്ട്. അതിനുശേഷം ഇരുപതിലേറെ വർഷം പ്രവാസിയായിരുന്നു – പരസ്യ-ബ്രാൻഡിംഗ് ലോകത്തേക്കുള്ള കടന്നു കയറ്റവും കൂടിയായിരുന്നു അത്. തീർച്ചയായും മാർക്കറ്റിലെ socio-economic ചലനങ്ങൾ സാകൂതം നിരീക്ഷിക്കപ്പെടുന്ന ഒരു മേഖലയിൽ നമ്മൾ വ്യാപരിക്കുമ്പോൾ സ്വാഭാവികമായും ജനങ്ങളുടെ ജീവിതശൈലികളും ചിന്താധാരകളും അതിൽ പെടും. നീണ്ട പ്രവാസത്തിനു ശേഷം നാടുമായി കൂടുതൽ സമ്പർക്കത്തിൽ വരുമ്പോൾ സമൂഹത്തിൽ വന്ന പരിണാമങ്ങളുടെ ഗതിയും അതിന്റെ വേഗതയും വളരെ സ്പഷ്ടമായി വിലയിരുത്താൻ കഴിയും… അതിനേക്കാളുമുപരി അതൊരു തിരിച്ചറിയലിന്റേതു കൂടിയാകുന്നു..കാരണം നമ്മുടെ മുമ്പിലാണ് ഈ മാറ്റങ്ങളൊക്കെ ഒരു തുടർച്ചയായി സംഭവിച്ചുകൊണ്ടിരുന്നത്. അതിനൊരു synergy ഉണ്ടായിരുന്നു.
ഒരുകാലത്തു വിദ്യാർത്ഥികളുടെ ഭാവി നിശ്ചയിക്കപ്പെട്ടിരുന്നത്, അധ്യാപകരോ, രക്ഷിതാക്കളോ, അവരുടെ സുഹൃത്തുക്കളോ ഒക്കെ ആയിരുന്നു. അഭ്യുദയകാംക്ഷികൾ എന്ന നിലയിൽ ഇവരെല്ലാവരും തന്നെ അവരറിയുന്ന ഏതെങ്കിലും വിജയിച്ച ഒരു വിദ്യാർത്ഥിയെ ചൂണ്ടിക്കാണിച്ച് സുസ്ഥിരമായ ഭാവിയിലേക്കുള്ള വഴിയാണ് നിർദ്ദേശിക്കുക. സുസ്ഥിരത എന്നത് സാമ്പത്തികം തന്നെ – പരാജയം എന്തെന്നറിയാത്ത ഒരു ഭാവി. അതായി കഴിഞ്ഞാൽ കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം പിന്നെ മരണം വരെ പെൻഷൻ , അത് കഴിഞ്ഞാൽ ആശ്രിതക്ക് – അതോടുകൂടി ഒരാളുടെ ജന്മം സാക്ഷാൽക്കരിക്കപ്പെടുകയാണ്. ഒരു ജോലിയോടെ ഒരാളുടെയുള്ളിലുള്ള വിദ്യാർത്ഥി അവസാനിക്കുന്നു… വിദ്യാർത്ഥിക്കുള്ളിലെ അന്വേഷണം അവസാനിക്കുന്നു. പിന്നീട് യാന്ത്രികമായ ജീവിതചര്യകളുമായി അവർ മുന്നോട്ടു പോകുന്നു.
എല്ലാവരും ഇങ്ങനെയെന്നല്ല..പക്ഷെ ഭൂരിഭാഗവും റിസ്ക് എടുക്കാതെ സുസ്ഥിരമായി, അതിലേറെ routine ലൈഫ് മായി മുമ്പോട്ടു പോകാൻ ആഗ്രഹിക്കുന്നവരാണ്. കുട്ടികളുടെ ഭാഗത്തു നിന്ന് നോക്കുബോൾ അവർക്കു പുറമെ നിന്നുള്ള അറിവിന്റെ പരിമിതികൾ, വീടിന്റെയും വൈകാരികതയുടെയും ചട്ടക്കൂടിൽ നിന്നും ഒറ്റയ്ക്ക് പുറത്ത് പോകാൻ കഴിയാത്ത സാഹചര്യം, പോവുകയാണെങ്കിൽ തന്നെയുള്ള അരക്ഷിതാവസ്ഥ..പതിയെ പതിയെ Stockholm syndrome പോലെ അവരും അതിലേക്കു മാറ്റപ്പെടും.
ഒരു ഐഡന്റിറ്റി ക്രിസിസ് ചെറിയ കാലത്തേക്കെങ്കിലും സംഭവിച്ചിട്ടുണ്ടായ ഒരു കൗമാരം ഇല്ലാത്തവർ വിരളമാകും. അതിനു മാറ്റം വന്നത് ടെക്നോളജിയിലെ കുതിച്ചുചാട്ടം കൊണ്ടായിരിക്കുമെന്നു പറയാൻ കഴിയും.. വ്യതിരിക്തമായ ചിന്തകൾ, അതിനെ സ്ഫുടം ചെയ്‌തെടുക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെയുള്ള networking, അതിലൂടെയുള്ള റിസ്ക് മാനേജ്‌മന്റ്, അല്ലെങ്കിൽ റിസ്കിനെ ഇഷ്ടപ്പെടുന്ന ഒരു യുവത. യാന്ത്രികതയിൽ നിന്നും വ്യത്യസ്തമായി തന്റെ signature പതിപ്പിക്കണമെന്ന ചഞ്ചലമായ ഒരു ലക്ഷ്യബോധം ഇന്നത്തെ യുവതലമുറക്ക് ഉണ്ടെന്നുള്ളത് വ്യക്തമാണ്.
അപ്പോസ്‌ട്രോഫോയിൽ ഇന്റർവ്യൂവിന് വന്ന ചില ഉദ്യോഗാർത്ഥികളിൽ, പ്രത്യേകിച്ചും പെൺകുട്ടികളിൽ, ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, മാനേജ്‌മെന്റ് സാധ്യതകളുള്ള തൊഴിലുകൾ ആണ് അവർ ആഗ്രഹിക്കുന്നത്… മൂന്ന് പേർ സിവിൽ സർവീസ് aspirant ആണ്… ഇത് വലിയൊരു മാറ്റത്തിന്റെ ലക്ഷണമാണ്…വ്യതിരിക്തതയുടെയും. ഒരു ജോലിക്കു മാത്രമായോ, വരുമാനത്തിനോ മാത്രം ഒതുങ്ങാതെ തനതായ വ്യക്തിത്വം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണ് റിസ്ക് ടേക്കേഴ്സ്. Enterpreneurship ചിന്താഗതി വളരെ ചെറുപ്പത്തിൽ ചിലരിൽ പതിയുന്നതും അതുതന്നെ. പക്ഷെ അവർ കാണുന്നത് ഗ്ലോബൽ മാർക്കറ്റ് ആണ്.
പുതിയ വിവരമനുസരിച്ചു ഇന്ത്യയിൽ നിന്നും 2022 ൽ വിദേശത്തേക്ക് പഠനത്തിനായി പോയത് 24 ലക്ഷം കുട്ടികൾ ആണ്. കേരളത്തിൽ നിന്ന് മാത്രം രണ്ടര ലക്ഷം വിദ്യാർഥികൾ വിദേശത്തു പഠിക്കുന്നു. ഇവിടത്തെ സിലബസ് തന്നെയാണ് വിദേശത്തും – പുതുതായി ഒന്നും പഠിപ്പിക്കുന്നുമില്ല – പക്ഷെ പഠനത്തോടൊപ്പമുള്ള ബഹുസ്വരതയോടെയുള്ള ഇടപെടലുകൾ അവർ കാംക്ഷിക്കുന്നു. അറിവിനേക്കാളുപരി വ്യക്ത്വവികസനത്തെ വളർത്തുമെന്നും, ഭാവിയിൽ തൊഴിൽ/ബിസിനസ് ആവാസവ്യവസ്ഥയിൽ അതായിരിക്കും തനിക്കു കൂടുതൽ ഗുണം ചെയ്യുക എന്നവർ കരുതുന്നു. ഇവിടത്തെ വിദ്യാഭ്യാസരീതിയെ കുറച്ചുകൂടി engaged ആക്കിക്കഴിഞ്ഞാൽ അത്തരമൊരു ആവാസവ്യവസ്ഥ ഇവിടെ സൃഷ്ടിക്കാൻ കഴിയും.
കാരണം നേരത്തെ സൂചിപ്പിച്ച ചഞ്ചലമായ ഒരു ലക്ഷ്യബോധം യുവതക്ക് കൈവന്നതാണെന്ന് പറയേണ്ടിവരും…സ്വന്തം കഴിവിനേക്കാളുപരി, അവരുടെ മനോമുകുരത്തിൽ മീഡിയകളിൽ കൂടി, ആഗ്രഹിച്ചും അല്ലാതെയും വന്നു നിറയുന്ന ഡിജിറ്റൽ ഡാറ്റകളുടെ ബഹിർസ്ഫുരണമായി അതിനെ കണ്ടാൽ മതി – അത്തരം ഭ്രമാത്മകതയിൽ സ്വത്വം തിരിച്ചറിയുന്നതിനുള്ള ഒരു തത്രപ്പാട് അവരെ ചിലപ്പോൾ കൂടുതൽ അസ്വസ്ഥരാക്കുന്നതും കാണാം.
കുറെ options മുമ്പിൽ വന്നു നിറയുമ്പോൾ Not seeing the forest for the trees എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് അന്വർത്ഥമാകുന്നതുപോലെ, അവരിൽ മരങ്ങളെ കണ്ടു കാട് കാണാതെ പോകുന്ന ഒരു അവസ്ഥയുണ്ടാകുന്നു… ഒരു larger perspective ൽ ഈ പറയുന്ന ഒപ്ഷൻസിനെ നിരത്തിവെച്ചുകൊണ്ട് ചിന്തിക്കാൻ കഴിയാതെ പോകുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസലോകത്തെ പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെയാണ് ഈ സെഷനിൽ സോഫ്റ്റ് സ്കില്ലുകളെ കുറിച്ചും അതിന്റെ സൈക്കോളജിക്കൽ വശങ്ങളെ കുറിച്ചുമുള്ള അവബോധം അറിവിനോടൊപ്പം തന്നെ ആവശ്യമായി വരുന്നത്. അതുകൊണ്ടുതന്നെ ഹുസ്സൈൻ മേലാറ്റൂരിന്റെ ഹൃദ്യമായ കാമ്പുള്ള മോട്ടിവേഷണൽ സെഷൻ അവരെ ആവേശഭരിതരാക്കുന്നതും നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞു.
ഒരു കാലത്തു കോമേഴ്‌സ്, എക്കണോമിക്സ് എന്നീ വിഷയങ്ങൾ കാലികപ്രസക്തിയില്ലാതെ, അതിലേക്കാളേറെ നിരുത്തരവാദപരമായി ഒരു സർക്കാർ ജോലി നേടിയെടുക്കാനോ, PSC ടെസ്റ്റ് എഴുതാൻ വേണ്ടി മാത്രം യോഗ്യതക്കായി പഠിപ്പിച്ചുപോരുന്നതായോ കണ്ടുവരാറുണ്ട്. ഇന്ന് അനന്ത സാധ്യതകൾ മുന്നിൽ തുറന്നു കിടക്കുന്നു.
IGNOU യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾ പഠിപ്പിക്കുന്ന, അവിടെ നിന്നും പഠിച്ചിറങ്ങിയ നല്ല ഫാക്കൽറ്റികളെ ട്രെയിനിങ്ങിനായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജാഫർ സാറിനു കഴിഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഓൺലൈനായും നേരിട്ടുള്ള ട്യൂഷൻ/ട്രെയിനിങ് ക്ലാസുകൾ ആയും ഇതിനെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശ്രീ ഹുസ്സൈൻ മേലാറ്റൂരിന്റെ മോട്ടിവേഷനും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷും കൃത്യമായ മോഡ്യൂളിലൂടെ കൂടിച്ചേരുമ്പോൾ, അതിനോടൊപ്പം അപ്പോസ്‌ട്രോഫോ ഗ്ലോബൽ അക്കാദമി വഴി ഇന്നത്തെ ബ്രാൻഡിങ്ങും ഡിജിറ്റൽ മാർക്കെറ്റിംഗും അതിലൂടെ സാമ്പത്തികരംഗവും വിപണിയുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രതിപാദിക്കുമ്പോൾ മിടുക്കരായ വിദ്യാർത്ഥികൾക്കിടയിൽ അർത്ഥപൂർണ്ണമായ ഒരു ദിശാബോധം സൃഷ്ടിക്കപ്പെടുമെന്ന പ്രത്യാശയുണ്ട്.