Design Thinking

Category :
Shaji Zone
Author :

Design Thinking

യാത്രകൾ എനിക്കേറെ ഹരം പകരുന്ന ഒന്നാണ്. സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കെന്നപോലെ പിറകിലേക്ക് മിന്നിമായുന്ന വിഷ്വൽസ്. ഡ്രൈവ് ചെയ്യുകയാണെങ്കിൽ ഭാവിയെ കീറിമുറിച്ചു മുന്നേറുന്നപോലെയും തോന്നാറുണ്ട് – അതുകൊണ്ടുതന്നെ ദൂരയാത്രകൾ ക്ഷീണമറിയാതെ ആസ്വദിക്കാറുണ്ട്. സഹയാത്രികരെ ശ്രദ്ധിക്കുമ്പോൾ ഓരോരുത്തരും അവരുടേതായ കാര്യങ്ങളിൽ വ്യാപൃതരായിരിക്കും. ചിലർ മൊബൈലിൽ, ചിലർ അടുത്തിരിക്കുന്നവരോട് സംസാരിക്കും, ചിലർ വെറുതെ ചിന്തിച്ച് ഇരിക്കുന്നുണ്ടാകും, ചിലർ ഉറങ്ങുന്നുണ്ടാവും, മറ്റു ചിലർ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുന്നുണ്ടാകും – അതിൽ തന്നെ മറ്റെന്തോ ചിന്തകളിൽ മുഴുകി വെറുതെ പുറം കാഴ്ചകൾ നോക്കിയിരിക്കുന്നവരുണ്ടാകാം. യാത്രയൂടെ അവസാനം ഓരോരുത്തർക്കും അനുഭവേദ്യമാകുന്നത് വ്യത്യസ്തമായ രീതിയിൽ ആയിരിക്കും.
ഇതിൽ എത്രത്തോളം ബാഹ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടാകും എന്നതാണ് ഇവിടത്തെ പ്രതിപാദനവിഷയം. ഉദാഹരണമായി വഴിയിലുടനീളമുള്ള പരസ്യബോർഡുകൾ ചിലർ കാണും, ചിലർ ശ്രദ്ധിക്കും, ചിലർ വായിക്കും എത്രപേർ അത് കണ്ടു, വായിച്ചു, ഓർമ്മയിൽ നിന്നു എന്നുള്ളത് ഒരു ചെലുത്തപ്പെട്ട ഒരു ശ്രമത്തിന്റെ (induced effort) ഭാഗമാണ്. ഒരു പരസ്യ ബ്രാൻഡിംഗ് കമ്പനി ചെയ്യുന്നത്, ഓരോ പ്രൊഡക്ടിനും അനുയോജ്യമായ പരസ്യങ്ങൾ ഉണ്ടാക്കി, ജനങ്ങൾ കാണാൻ സാധ്യതയുള്ള ഇടങ്ങളിൽ കൊണ്ട് വെക്കുക എന്നുള്ളതാണ് – റോഡരികിലോ, പത്രത്തിലോ, ടീവിയിലോ, സോഷ്യൽ മീഡിയയിലോ.. ഒക്കെയതാവാം. കേൾക്കുമ്പോൾ ലളിതമായി തോന്നാമെങ്കിലും ഓരോ പ്രൊഡക്ടിന്റെയും ബഡ്ജറ്റുപയോഗിച്ചു അതിനുള്ളിൽ പര്യാപ്തമായി ചെയ്യുക എന്നത് ഒരു സങ്കീർണപ്രക്രിയയാണ് – കാരണം പ്രൊഡക്ടിന്റെ perceived വാല്യൂ എന്ന് പറയുന്നത് അവരുടെ ലിംഗഭേദത്തിന്റെയും, പ്രായത്തിന്റെയും, അറിവിന്റെയും ചിന്തകളുടെയും മാനസികാവസ്ഥയുടെയും നിയന്ത്രണത്തിലാണ്. ഇതിനെ സസൂക്ഷം പഠിച്ചുകൊണ്ട് വ്യതിയാനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഒരു സ്ട്രാറ്റജി ചിട്ടപ്പെടുത്തുന്നത്. ഒരാൾ എന്ത് ചിന്തിക്കണം, അതിനെ അധികരിച്ചുകൊണ്ടു ( augment ) ഒരു പൊതുബോധം ( Paradigm ) സൃഷ്ടിച്ചെടുക്കുക – അതിനെ Design Thinking എന്ന് വിളിക്കാം.
ജീവിതത്തിലൂടെ നാം ഡ്രൈവ് ചെയ്യുമ്പോൾ കാഴ്ചകളെ സ്വയം സൃഷ്ടിക്കുകയും, അല്ലെങ്കിൽ അത്തരം കാഴ്ചകളിലൂടെയുള്ള വഴികൾ അന്വേഷിക്കുകയും അത് സഹയാത്രികർക്കു സുഖകരമായ ഒരനുഭവമാക്കുകയും അവരെ അനുവാചകരാക്കുകയും ചെയ്യുന്ന പ്രക്രിയ. ഒരു student ഡ്രൈവ് ചെയ്യുമ്പോൾ സഹയാത്രികർ ബന്ധുമിത്രാദികൾ ആണ്, ഒരു കമ്പനിയിൽ ജോലിചെയ്യുന്ന ഒരാൾ ആണെങ്കിൽ മറ്റുള്ളവർ സഹപ്രവർത്തകരാണ്… കൂടെ സഞ്ചരിക്കുന്നവരുടെ പ്രതീക്ഷകൾക്കപ്പുറം അനുഭവം സൃഷ്ടിക്കുകയാണെങ്കിൽ ആ student extra ordinary ആണ്. സഹപ്രവർത്തകരുടെ പ്രതീക്ഷകൾക്കപ്പുറം ഒരാൾ തന്റെ കമ്പനിയിൽ perform ചെയ്യുകയാണെങ്കിൽ അതയാളുടെ career success ആണ്.
ഈ രണ്ടു വിജയങ്ങളും സ്വാഭാവിക പ്രക്രിയയുടെ ഭാഗമല്ല, എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് പഠനത്തിന്റെയും ജോലിയുടെയും കാലഘട്ടത്തിലൂടെയുള്ള ജീവിതയാത്രയും അതിൽ ഡ്രൈവർ എന്ന ഒരു അലങ്കാരികകഥാപാത്രത്തെയും സൃഷ്ടിച്ചത്. എങ്ങനെ നമ്മുടെ കർമ്മപഥത്തിൽ വിജയിയാകാം? സ്വാധീനിക്കുന്ന ഘടകങ്ങളെ വിശകലനം ചെയ്തു ഉണ്ടാക്കുന്ന മാർഗ്ഗരേഖയാണ് Design Thinking
Design Thinking ന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ മനുഷ്യ-കേന്ദ്രീകൃതമായ സഹജാവബോധവും (human-centric feelings) ഉല്ലാസകരമായ ചിന്തകളും ( playful thinking ) ആണ്. അത് സമൂഹത്തെയും വ്യക്തികളെയും നിരീക്ഷണവിധേയമാക്കാനും, വ്യത്യസ്ത തലങ്ങളെ അതുൾക്കൊള്ളുന്ന പ്രത്യേകതകളെയും വ്യതിരിക്തതകളെയും (distinctive ) നിലനിർത്തിക്കൊണ്ട്, തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി എങ്ങനെ മൂല്യവർദ്ധിതമാക്കാൻ (value add ) കഴിയും എന്ന ചിന്ത, അതിനായുള്ള നിരന്തരമായ നിരീക്ഷണ-പരീക്ഷണങ്ങൾ, വിശകലനങ്ങളിലൂടെയുള്ള പടുത്തുയർത്തൽ തന്നെയാണ് – ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്ന പ്രക്രിയയിൽ, ഓരോ ഘട്ടത്തിലും സമൂഹത്തിന്റെ ആവശ്യത്തിലേക്കു വിരൽ ചൂണ്ടുന്നതായിരിക്കണമെന്ന നിശ്ചയദാർഢ്യവും, ഓരോന്നിനുമുള്ള സ്വീകർത്താവിന്റെ പ്രതികരണങ്ങളിലൂടെയാണ് (user feedback) അവ പൂർണ്ണതയിലെത്തുന്നത് എന്ന ബോധ്യവും ഉണ്ടായിരിക്കണം. മൂന്നു ‘E’ കൾ കൊണ്ട് Design Thinking നെ ഇവിടെ വിശദീകരിക്കാൻ കഴിയും.
1 . Empathy
2 . Expansive thinking
3 . Experimentation (iteration)
Design Thinking ന്റെ ഒരു വശം ഇതാണെന്നു പറയാം. മറ്റൊന്ന്, നമ്മൾ എന്ത് ചെയ്യണം – ഒരു വിദ്യാർത്ഥി, ഒരു ടീച്ചർ, ഒരു പോലീസുകാരൻ, ഒരു പ്രൊഫഷണൽ, ഒരു കച്ചവടക്കാരൻ… എന്നുവേണ്ട സമൂഹത്തിലെ എല്ലാവരും അവരുടെ ഔദോഗികജീവിതത്തിലും വ്യക്തിജീവിതത്തിലും നടന്നു പോരുന്നതായ സ്വാഭാവിക ദിനചര്യകളെ നിങ്ങൾ ഒരു methodology വെച്ചുകൊണ്ട് ഡിസൈൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ പ്രൊഡക്ടിവിറ്റി കൂട്ടാൻ കഴിയും. നിങ്ങളുടെ വ്യക്തിഗത മികവിനെ അത് ഉദ്ധീപിച്ചേക്കാം.
രണ്ടാമത്, നിങ്ങൾ സ്ഥിരമായി ചെയ്തുപോരുന്ന പ്രവർത്തിയിലായാലും, ഒരു യാന്ത്രികതക്കപ്പുറമുള്ള ഒരു തലം സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞാൽ നിങ്ങൾ ക്രീയേറ്റീവ് ആയി എന്നാണർത്ഥം. പഴയ തലമുറക്കാരുടെ പരമ്പരാഗത തൊഴിലുകളിൽ നിമിത്തങ്ങളെ പലപ്പോഴും concept developement ന് സമർത്ഥമായി ഉപയോഗിക്കുന്നതായി കാണാൻ കഴിയും. അത്‌കൊണ്ടുതന്നെ അവരുടെ ജോലികളിൽ human-centric ആയ മുൻകരുതലും playful thinking ലൂടെയുള്ള സൃഷ്ടിപരതയും കാണാൻ കഴിയുമായിരുന്നു. പരിമിതികളെ വിശ്വാസങ്ങൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു സർവാത്മനാ-മനോഭാവം – അതായിരുന്നു അവരുടെ stress management. അവരുടെ കണ്ണുകളിലെ മങ്ങാത്ത തിളക്കവും ഭാഷയും ഊർജസ്വലതയും സ്വാഭാവികമായി വന്നു ചേർന്നതാണെങ്കിൽ, ഇന്നത്തെ യുവതലമുറയിൽ അത് ജോലിക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിച്ചെടുത്തതാണ് – അതുകൊണ്ടുതന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു അദ്ധ്വാനവർഗ്ഗമായി ഇന്നത്തെ തൊഴിലിടങ്ങൾ മാറിയത്…കലാലയങ്ങൾ മാറിയത്. മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് പൂക്കൾ പോലെ നല്ല പ്രതിഭാശാലികൾ സ്വത്വം തേടി അലയുന്നതും, വഴിവിട്ടുപോകുന്നതും, ഒന്നുകിൽ ആരുടെയോ ആജ്ഞാനുവർത്തികളായി ശിഷ്ടകാലം ജീവിച്ചു തീർക്കുന്നവരോ, പെട്ടെന്നൊരുദിവസം ജീവിതം ഒടുക്കുന്നവരോ ആയി മാറുന്നത്…രണ്ടും ഒന്ന് തന്നെ. ഇന്നലെ ഒരു മരണ വീട്ടിൽ ചെന്നപ്പോൾ PWD യിൽ എഞ്ചിനീയർ ആയ അവരുടെ മകനെ പരിചയപ്പെട്ടു… ആ പദവിയുടെ ആദരവോടെയും ബഹുമാനത്തോടെയും ഞാൻ സംസാരിച്ചപ്പോൾ വളരെ നിഷ്കളങ്കമായി തന്റെ ജോലിയിൽ നേരിടേണ്ടിവരുന്ന പൊതുപ്രവർത്തകരുടെ ചട്ടുകമാവേണ്ടിവരുന്നതിന്റെ നിരാശാബോധമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്തുമാത്രം ആവേശത്തോടെയും പ്രതീക്ഷയോടെയുമായിരിക്കും അദ്ദേഹം തന്റെ തൊഴിൽ മേഖല തിരഞ്ഞെടുത്തിട്ടുണ്ടായിരിക്കുക?
സമൂഹത്തെ കുറ്റപ്പെടുത്തി ഞാൻ അതിന്റെ ഭാഗമായി പോയി എന്ന് റിസ്ക് ഇല്ലാത്ത ഒരു പ്രസ്താവനയിലൂടെ നമുക്കതിനെ വേണമെങ്കിൽ ലളിതവൽക്കരിക്കാം…അതിലൂടെ APJ യും, ടാറ്റയും, അംബേദ്ക്കറും MS ധോനിയും സ്റ്റീവ് ജോബ്‌സും , അംബാനിയുമെല്ലാം ഭാഗ്യം സിദ്ധിച്ചവരായി നമ്മൾ മാറ്റിയെഴുതുന്നു. അവർ അനുഭവിച്ച പ്രശ്നങ്ങൾ നമ്മൾ വായിച്ചറിയുമ്പോൾ, സുചിന്തിതമായ നിർണായ തീരുമാനങ്ങളിലൂടെ ( Critical thinking mindset ) എത്രയോ വലിയ പ്രതിബന്ധങ്ങളെ മനസ്സിൽ മുൻകൂട്ടി കണ്ടു സമർത്ഥമായി ഇല്ലായ്‌മ ചെയ്തതൊന്നും തന്നെ നാം അറിയുന്നില്ല – കാരണം അതവർ ആരോടും പറയില്ല, എവിടെയും എഴുതിവെക്കില്ല. മറ്റൊരാൾക്ക് non-verbal ആയ കമ്മ്യൂണിക്കേഷനിലൂടെ ഊഹിച്ചെടുക്കാനെ പറ്റൂ… ഈ സാമർഥ്യത്തെ design thinking എന്ന് വിളിക്കാം. മുകളിൽ പറഞ്ഞ പ്രഗത്ഭർ ഇതിനെ ദുരുപയോഗം ചെയ്തു എന്നല്ല, തന്റെ മേഖലയിൽ താൻ ഒരു നിയോഗമാണെന്നു മനസ്സിലാക്കി, തന്റെ കർത്തവ്യനിർവഹണത്തിന് തടസ്സമായി വന്നേക്കാവുന്ന കാര്യങ്ങളെയും വ്യക്തികളെയും ഇല്ലാതാക്കുന്ന സാമർഥ്യം സാമൂഹിക നന്മക്കുവേണ്ടിയുള്ളതാണ്. എല്ലാ യുദ്ധങ്ങളും വാളും പരിചയും കൊണ്ടല്ലല്ലോ.
കേന്ദ്രീകരിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ ചിന്താസരണികൾ (convergent thinking and divergent thinking process) ഒന്നിലേറെ പരിഹാരങ്ങളെ തേടുകയും അതിൽ നിന്നും അനുയോജ്യമായ ഒന്നിനെ തിരഞ്ഞെടുക്കുകയും അത് നടപ്പിൽ വരുത്തുന്നതിനുമുള്ള ധൈര്യം, കാര്യക്ഷമത. ചില ഘട്ടങ്ങളിൽ പുറത്തു പറയുന്നതുപോലും ആത്യന്തികമായി നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ഫലത്തിന്റെ തീവ്രത കുറച്ചേക്കാം. അതുകൊണ്ടു അത്തരം ഘട്ടങ്ങളിൽ അനേഷണാത്മക working പാറ്റേൺ തിരഞ്ഞെടുത്തു, ആവർത്തിച്ചുകൊണ്ടു അതിനെ പരിഹരിക്കുക, ആ ഫലത്തിൽ സ്വയം ബോധ്യപ്പെട്ടു അടുത്തഘട്ടത്തിലേക്കു കടക്കുക എന്നതാണ്.. ഇത് ഏതു ജോലിയിലും, പഠനത്തിലും, കരിയർ ഡെവലൊപ്മെന്റിലും, ബിസിനസിലെ LEAD transformation ലും സാധ്യമാണ്. 1930 കളിൽ Toyota Motor Corporation അവരുടെ ഡിസൈൻ എങ്ങിനീയർമാർക്കായ്‌ 5Y സ്ട്രാറ്റജി ഉണ്ടാക്കിയിരുന്നു. ഒരു സാമ്പിൾ കേസ് എടുത്തു cause-and-effect relationships വെച്ച് 5 തവണ Why എന്ന ചോദ്യത്തോടെ തിരിച്ചു ശരിയാക്കുക – iterative interrogative technique എന്ന രീതിയിൽ ഇത് അവർക്കു കോർ ആയ കാര്യങ്ങളെ വിശകലനം ചെയ്യാനും, പര്യാപ്തമായ ഫലം സാധ്യമാക്കാൻ സഹായിക്കുകയും ചെയ്തു.
ടെക്നോളജി സമസ്തമേഖലകളിലും ആധിപത്യം കാണിക്കുന്ന ഈ കാലഘട്ടത്തിൽ ചിന്തകളെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ പുറന്തള്ളപ്പെടാം, കാരണം GPT പോലുള്ള നിർമ്മിതബുദ്ധിയും ( AI ), മെഷീൻ ലേർണിംഗും ഒക്കെ വരുമ്പോൾ യാത്രയിൽ ടെക്നോളജി മുന്നിലിട്ടുതരുന്ന ജംഗ്ഷനുകളുടെ എണ്ണം കൂടുകയും തിരഞ്ഞെടുത്തു മുന്നോട്ടു പായുക എന്ന അർപ്പിത ബുദ്ധിയാണ് വേണ്ടത്. Design Thinking ഇനിയുള്ള കാലം performance, development, and career success ലേക്ക് നയിക്കുന്ന ഒരു സ്കിൽ തന്നെയായിരിക്കും എന്നതിൽ സംശയമില്ല.
Design Thinking ഒരു അദ്ധ്യാപനശാസ്‌ത്രം ( pedagogy ) ആണോ എന്ന് ചോദിച്ചാൽ user-centered methodologies വെച്ച് പ്രയോക്താക്കളെ ക്രീയേറ്റീവ് ആക്കുക – ക്രീയേറ്റീവിറ്റി എന്ന് പറയുന്നത് ഏതെങ്കിലും വിഷയമെടുത്തു പഠിക്കുന്ന ഒരു വിദ്യാർത്ഥിയാകാം, ഉദ്യോഗാർത്ഥിയാകാം, കലാകാരനാകാം, കുറെ കഴിവുകൾ ഒരുമിച്ചുള്ള വ്യക്തിയാകാം… കയ്യിലുള്ള കഴിവുകളെ യഥാവിധം Learn, Unlearn & Learn ചെയ്തുകൊണ്ട് മുന്നേറുമ്പോൾ ജീവിതം കൂടുതൽ ആസ്വാദ്യകരമാകുന്നത് തിരിച്ചറിയാൻ കഴിയും.
ഇരുപത്തിയഞ്ചുവര്ഷത്തോളം പരസ്യ ബ്രാൻഡിംഗ് മേഖലയിൽ നിന്നുകൊണ്ട് ഞാൻ എന്തുകൊണ്ട് ഡിസൈൻ തിങ്കിങ്ങിനെ കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നു എന്നതിനുത്തരം അതിന്റെ പ്രസക്തി തന്നെയാണ്. ഞാൻ ചെയ്തുകൊണ്ടിരുന്നത് ഒരു ബ്രാൻഡിനെ അല്ലെങ്കിൽ ഒരു പ്രൊഡക്ടിനെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു, സ്ഥാപിച്ചെടുക്കുക, അതിന്റെ സുസ്ഥിരമായ വളർച്ചയും അനുബന്ധ മേഖലകളിലേക്ക് പടർന്നു പന്തലിപ്പിക്കുക എന്നതാണ്. ഇത് ഒരു വ്യക്തിയിലേക്ക് അനുരൂപ(adapt)പ്പെടുത്തുമ്പോള് അത് career success ആക്കാൻ കഴിയും. ബ്രാൻഡിംഗ് എന്നത് എല്ലാവര്ക്കും ആവശ്യമായി വന്നിരിക്കുന്നു..കൂടുൽ വ്യക്തികേന്ദ്രീകൃതമായിക്കഴിഞ്ഞു എന്ന് ഈ മേഖലയിൽ ജോലിചെയ്യുന്നവർക്കും ബിസിനെസ്സുകാർക്കും പെട്ടെന്ന് മനസ്സിലാകും.
വളരെ കാലത്തെ വിദേശ വാസത്തിനു ശേഷം മഞ്ചേരി അപ്പോസ്‌ട്രോഫോ എന്ന ഒരു Pvt Ltd സ്ഥാപനം തുടങ്ങി. IGBT ജംഗ്ഷനിൽ ആയത് കാരണം ജോലിയന്വേഷിച്ചു വിളിക്കുന്ന ആളുകളുടെ ബാഹുല്യം അതിശയിപ്പിക്കുന്നതാണ്. അവരിൽ ഏറിയ പങ്കും വളരെ നല്ല കോഴ്സുകൾ എടുത്തു വെറുതെയിരിക്കുന്നു എന്നതാണ് – ഇനി ജോലി ചെയ്യുന്നവർ തന്നെ സ്ഥിരതയില്ലാത്ത പലസ്ഥലങ്ങളിലും അഞ്ചുവർഷം മുന്നോട്ടു ചിന്തിക്കാനാകാതെ ഉഴറി നിൽക്കുന്നു.
സാമ്പത്തിക ഭദ്രത, നിക്ഷേപമൂല്യം, സ്വാധീനം എന്നിവകൊണ്ടെല്ലാം കേരളത്തിൽ മൂക്കിനും മൂലയിലും കഴിഞ്ഞ ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി പ്രൊഫഷണൽ കോളേജുകൾ മുളച്ചുപൊന്തി, വളരെ ഉയർന്ന നിലവാരമുള്ള കോഴ്സുകൾ പഠിപ്പിക്കുന്നു – continuous engagement ഇല്ലാതെ ഇനിയുള്ള കാലം പ്രൊഫെഷനലുകൾക്കു പിടിച്ചുനിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് Design Thinking എന്ന ഒരു interactive രീതി ആവശ്യമായി തോന്നിയത്. കേന്ദ്രഗവർമെന്റിന്റെ IGNOU യൂണിവേഴ്സിറ്റിയുടെ കോഴ്സുകൾ പഠിപ്പിക്കുന്ന ഫാക്കൽറ്റി സംവിധാനം മഞ്ചേരി, അരീക്കോട്, തീരൂർ, പട്ടാമ്പി, മണ്ണാർക്കാട്, വെട്ടത്തൂർ എന്നിവിടങ്ങളിൽ തയ്യാറായിട്ടുണ്ട്. അതുപോലെ കേന്ദ്രഗവർമെന്റിന്റെ കീഴിലുള്ള NSDC യുടെ അംഗീകാരം അപ്പോസ്‌ട്രോഫോക്ക്‌ ഉടൻ പ്രതീക്ഷിക്കുന്നു.
അതോടൊപ്പം തന്നെ സൈബർ ലോകത്ത് പ്രശസ്തയായ ഡോക്ടർ പാട്ടത്തിൽ ധന്യാമേനോന്റെ ഉടമസ്ഥതയിലുള്ള അവാൻസോ സൈബർ സെക്യൂരിറ്റി, ബാംഗ്ലൂർ IIM ആസ്ഥാനമായുള്ള സരോചന്ദ്രഭൂഷൺ മേധാവിയായുള്ള സീരീസ് 5 മെറ്റാവേഴ്സ്, UAE ആസ്ഥാനമായ ലോകത്തെ ആദ്യത്തെതന്നെ BPM enabled GatewayERP സോഫ്റ്റ്‌വെയർ, സുഹൃത്തായ അഫ്താബ് ഷൗക്കത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആസ്ഥാനമായി ഉള്ള Xpresso , സുഹൃത്തായ നാലായിരത്തോളം സ്റ്റേജുകൾ നേടിയ കോർപ്പറേറ്റ് ട്രെയ്നറും മോട്ടിവേഷണൽ സ്പീക്കറും ആയ ഹുസൈൻ മേലാറ്റൂർ, കാനഡ ആസ്ഥാനമായുള്ള US കമ്മ്യൂണിക്കേഷൻസ് …കൂടാതെ രണ്ടര ദശാബ്ദക്കാലം ദൈവം അനുഗ്രഹിച്ചു നൽകിയ കുറെ പ്രൊഫഷണൽ സഹപ്രവർത്തകരും..ഇതെല്ലാമായി ബിസിനെസ്സിനപ്പുറം ഒരു സോഷ്യൽ എഞ്ചിനീയറിംഗ് സാധ്യമാണെന്ന് തോന്നി.. അതുകൊണ്ടാണ് Design Thinking എന്ന ഒരു വിഷയം വിപുലീകരിച്ചു കൊണ്ട് ഈ അനുകൂല ഘടകങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടു ഇവിടത്തെ മിടുക്കരായ വിദ്യാർത്ഥികൾക്കും ബിസിനസ്സ് സംരംഭകർക്കും വഴികാട്ടിയാകാൻ കഴിയുമെന്ന് പ്രത്യാശയുണ്ട്.
മഞ്ചേരി ആസ്ഥാനമായി ഇമ മഞ്ചേരി ഗ്ലോബലിന്റെ manjeri.online എന്ന ഒരു സ്വപ്നപദ്ധതിയുടെ പണിപ്പുരയിലാണ് അപ്പോസ്‌ട്രോഫോ. അതിനെ കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ പ്രതിപാദിക്കുന്നതായിരിക്കും. ഇതിനെല്ലാം ഉപോൽബലകമായി ബ്രാൻഡിങ്‌, ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിങ്, വെബ്സൈറ്റ് development ..എന്നിവയും മഞ്ചേരി ഓഫീസിൽ ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
ഷാജി കിഴക്കാത്ര
ഫൗണ്ടർ & CEO, സ്ട്രാജിക് ബ്രാൻഡിംഗ് & ഡിസൈൻ കൺസൽട്ടൻറ്
അപ്പോസ്‌ട്രോഫോ
Apostrofo Olive Strategic Branding & Marcom International Pvt. Ltd.
75929 79297

Leave a Reply

Your email address will not be published. Required fields are marked *

Leave a Reply

Your email address will not be published. Required fields are marked *